അമലനഗർ: തൃശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിൽ അമല പെട്രോൾ പമ്പിനു സമീപം വാഹനാപകടത്തിൽ ബാങ്ക് ജീവനക്കാരൻ മരിച്ചു. ചിറ്റിലപ്പിള്ളി മനക്കലത്ത് ശ്രീധരൻ മകൻ ശ്രീജിത്ത്(37) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്തോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. ഉടനെ ശ്രീജിത്തിനെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി പതിനൊന്നരയോടെ മരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം സംസ്കാരം നടത്തി.
അടാട്ട് ഫാർമേഴ്സ് ബാങ്കിന്റെ ചൂരക്കാട്ടുകര ബ്രാഞ്ചിലെ ജീവനക്കാരനാണ്. അമ്മ: സുജാത, ഭാര്യ: ശരണ്യ. മക്കൾ: ശിവനന്ദ്, ഇതൾ.അപകടത്തെ തുടർന്ന് കാർ ബ്രേക്കിട്ടപ്പോൾ കാറിനകത്ത് ഉണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. ആറമ്പിള്ളി സ്വദേശി കൈപ്പറമ്പ് വീട്ടിൽ ശ്രേയക്കാണ് പരിക്കേറ്റത്. ഇവരെ മുതുവറ ആക്സ് പ്രവർത്തകർ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.